തളരാത്ത മനസ്സുമായി വൈതരണികൾ താണ്ടി യുവാവ്.
- POWERVISION TV
- Mar 28, 2024
- 1 min read

തിരുവനന്തപുരം: പ്രതിബന്ധങ്ങളെ ആത്മധൈര്യത്തോടെ നേരിട്ട് ഡാനി ടി. ജോർജ്ജ്. ശാരീരികവും, ഭൗതീകവുമായ പരിമിതികളെ അതിജീവിച്ച് ഈ 32 കാരൻ കോളേജ് അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി റാങ്കിൽ ഇടം നേടി അസിസ്റ്റൻ്റ് പ്രൊഫസർ നിയമന ഉത്തരവിനായി കാത്തിരിക്കുമ്പോൾ ഇത് സ്വപ്ന സാക്ഷാത്കാരമാണ്. തിരുവനന്തപുരം പൗഡിക്കോണം സ്വദേശികളായ ജോർജ്ജ് - എസ്തേർ ദമ്പതികളുടെ മകനായി ഡാനി ജനിക്കുമ്പോൾ അരയ്ക്ക് താഴെ ചലന ശേഷി ഇല്ലാതെയാണ്. പോലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവ് ജോർജജ് , 15 വർഷങ്ങൾക്ക് മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി. പട്ടാളത്തിൽ ജോലി ചെയ്തിരുന്ന ഇളയ സഹോദരൻ മാത്യുവിന് വൃക്കരോഗം ബാധിക്കുക കൂടി ചെയ്തപ്പോൾ ചികിത്സക്കായി ഭവനം കടം വാങ്ങേണ്ടി വന്നു. ഡാനിയുടെ കുട്ടിക്കാലത്ത് മാതാപിതാക്കൾ മകനെ ചികിത്സിക്കുവാൻ ഏറെ ശ്രമിച്ചുവെങ്കിലും അത് ഫലപ്രാപ്തി കണ്ടില്ല. ചെറുപ്പകാലത്ത് വീൽ ചെയർ വാങ്ങുവാൻ പണമില്ലാത്തതിനാൽ ഇരുന്നും, നിരങ്ങിയും ആയിരുന്നു യാത്ര. എങ്കിലും വിശ്രമമില്ലാതെ പഠിച്ച് നല്ല മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ കഠിനാദ്ധ്വാനി മാർ ഇവാനിയോസ് കോളേജിൽ നിന്ന് B.Com, തുടർന്ന് ടൂറിസത്തിൽ പി.ജി.യും ചെയ്തു. ടൂറിസത്തിൽ പിജി കഴിഞ്ഞ് നെറ്റ്, ജെ ആർ എഫ് എന്നിവ പാസായി കോളേജ് അധ്യാപക തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഡാനിക്ക് അഡ്വൈസ് മെമ്മോ കിട്ടി. സഞ്ചാരം ഏറെ ഇഷ്ടപ്പെടുന്ന ഡാനിക്ക് 2019-ൽ നഗരസഭ സൗജന്യമായി വീൽ ചെയർ നൽകിയിരുന്നുവെങ്കിലും ഇപ്പോൾ അത് പ്രവർത്തനക്ഷമമല്ല. ജോലി നിയമനത്തിനായി കാത്തിരിക്കുമ്പോൾ ഡാനി പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. പരിമിതികളെ കുറിച്ച് പരാതി പറയുന്നതിൽ അർത്ഥമില്ല എൻറെ ജീവിതം വിദ്യാർത്ഥികൾക്ക് പ്രചോദനമാകണം എന്ന പ്രത്യാശയുടെ വാക്കുകൾ ആണ് ഡാനി ഉച്ചരിച്ചത്. വിനോദസഞ്ചാരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഇപ്പോൾ കേരള സർവകലാശാല പി എച്ച് ഡി വിദ്യാർഥിയാണ്. ഐപിസി തിരുവനന്തപുരം സൗത്ത് സെന്ററിലെ ശാലേം പൗഡിക്കോണം സഭയുടെ സജീവ് അംഗമായ ഡാനി ,സജീവ പി വൈ പി എ പ്രവർത്തകനും കൂടിയാണ്.
Comments