top of page
  • Writer's picturePOWERVISION TV

പാസ്റ്റർ അനീഷ് കെ. ജോസിനു സ്നേഹ സമ്മാനം.


തിരുവല്ല: പാസ്റ്റർ അനീഷ് കെ. ജോസ് - അനില ദമ്പതികൾക്ക് വീടൊരുക്കി പവർ വിഷൻ പ്രേക്ഷക കുടുംബം. കോവിഡ് ലോക്ക്ഡൗൺ കാലയളവിൽ, പവർവിഷനിലെ 'വീട്ടിലെ സഭായോഗം' എന്ന ശുശ്രൂഷയിലൂടെ മലയാള സമൂഹത്തിനു ഏറെ സുപരിചിതമായ സ്വരമാണു സുവിശേഷകനും, അനുഗ്രഹീത ഗായകനുമായ പാസ്റ്റർ അനീഷ് കെ. ജോസിന്റേത്. ജീവിത പ്രാരാബ്ദങ്ങളുടേയും, ശാരീരിക വൈകല്യത്തിന്റേയും വൈഷമ്യമേറിയ കുന്നുകൾ പാടേ മറന്നു, കരുതുന്ന കർത്തന്റെ കൃപാദാനങ്ങളെ അനുഭവസമ്പത്തിന്റെ മറവിൽ ഈ അനുഗ്രഹീത ഗായകൻ വാഴ്ത്തി പാടിയപ്പോൾ അനുവാചകരെ വിശ്വാസത്തിൽ ഉറപ്പിക്കുകകൂടി ആയിരുന്നു. വർഷങ്ങളായി വാടക വീടുകളിൽ അന്തിയുറങ്ങിയിരുന്ന ഈ കർതൃദാസന്റെ കരയിപ്പിക്കുന്ന കഥകൾ, തന്നെ അടുത്തറിയാവുന്നവർ ഒഴികെ മറ്റാർക്കും അത്ര അറിവുള്ളതായിരുന്നില്ല. കോട്ടയം പാമ്പാടി കുറവ്പറമ്പിൽ വീട്ടിൽ കെ. പി. ജോസഫ് - അച്ചാമ്മ ജോസഫ് ദമ്പതികളുടെ മകനായ അനീഷ്, ഒന്നര വയസ്സിൽ പോളിയോ വന്നു ശരീരം പൂർണ്ണമായും തളർന്നു പോയി. പല ചികിത്സാവിധികൾ തേടിയെങ്കിലും, മാതാപിതാക്കൾ ദൈവഭാഗത്തേക്ക് വന്നതോടെ വിശ്വാസത്തോടെയുള്ള പ്രാർത്ഥന ജീവിതത്തിന്റെ ഭാഗമായി. കണ്ണുനീരിലും കർത്താവിന്റെ വേല ഉത്സുകനായി ചെയ്യുന്ന പാസ്റ്റർ അനീഷിനു ഒരു ഭവനം എന്ന ആശയം പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പവർവിഷൻ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. പാസ്റ്റർ അനീഷിനു സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നസാക്ഷ്താകാരം സാധിതമാകുവാൻ അത് ഒരു നിമിത്തമായി. ക്രിസ്തീയ സ്നേഹത്തിൽ ഉദാരമതികളായ പവർവിഷൻ പ്രേക്ഷക കുടുംബം നൽകിയ സംഭാവന സ്വരുക്കൂട്ടി പാസ്റ്റർ അനീഷിനു കുമ്പനാടിനടുത്ത് 11 1/2 സെന്റ് സ്ഥലവും, അതിൽ 1800 ചതുരശ്ര അടിയിലുള്ള ഒരു മനോഹര ഭവനവുമാണു മാർച്ച് 20 നു പവർവിഷൻ വെണ്ണിക്കുളം സ്റ്റുഡിയോ കോംപ്ലക്സിൽ നടന്ന മീറ്റിംങ്ങിൽ വെച്ച് നൽകിയത്.

താക്കോൽ ദാന ചടങ്ങ് പവർവിഷൻ ചെയർമാൻ ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ ഡോ. ആർ. ഏബ്രഹാം, ഡോ. മാത്യൂസ് ചാക്കോ, പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ കെ. സി. ശാമുവേൽ, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ അനീഷ് തോമസ്, ബ്രദർ ജോയി താനവേലിൽ, ബ്രദർ ജെ.കുര്യൻ, ബ്രദർ ടോണി വർഗ്ഗീസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പാസ്റ്റർ അനീഷ് കെ. ജോസിനോടൊപ്പം, സഹധർമ്മിണി അനില, മക്കളായ ആൻസൺ, അലൻ എന്നിവരും ദൈവദാസന്മാരിൽ നിന്നും സ്നേഹ ഭവനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. പാസ്റ്റർ അനീഷിന്റെ ഭവനത്തിന്റെ ആവശ്യത്തിനായി പ്രേക്ഷകർ സന്മനസ്സോടെ നൽകിയ തുക പൂർണ്ണമായും, അദ്ദേഹത്തെ ഏല്പിക്കണമെന്ന പവർവിഷൻ പ്രവർത്തകരുടെ ആഗ്രഹം ചടങ്ങിൽ വെച്ച് പാസ്റ്റർ പ്രിൻസ് തോമസ് കുടുംബത്തെ അറിയിച്ചപ്പോൾ, ഭവനം വാങ്ങുന്നതിനു ആവശ്യമായ തുകയിൽ അധികമായി ലഭിച്ച പണം നിർദ്ധനരായ മറ്റ് വ്യക്തികളുടെ ഭവനത്തിനായി വിനിയോഗിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി പാസ്റ്റർ അനീഷ് കെ. ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. വ്യക്തമായ സുവിശേഷ ദർശനത്തോടെ 17 വർഷങ്ങൾക്ക് മുൻപ് മലയാള ക്രൈസ്തവ ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തനം ആരംഭിച്ച നാളുകൾ മുതൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഗണ്യമായ പ്രധാന്യം പവർവിഷൻ ടിവി നൽകിയിട്ടുണ്ട്. പവർവിഷന്റെ സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ഇതു കൂടാതെ 239 ഭവനങ്ങൾ അർഹരായവർക്ക് ഇതുവരെ നൽകിയിട്ടുണ്ട്.

Comments


bottom of page