സുവിശേഷ മുന്നേറ്റത്തിൻ്റെ അഞ്ച് പതിറ്റാണ്ടുകൾ. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 50-മത് ജനറൽ കൺവെൻഷൻ ജനുവരി 5 മുതൽ 11 വരെ.
- POWERVISION TV
- 1 day ago
- 2 min read

ചിങ്ങവനം : 1960 ൽ രക്ഷാനിർണ്ണയം പ്രാപിച്ച വി. എ. തമ്പി എന്ന 21 വയസ്സുകാരനായ യൗവ്വനക്കാരനെ കർത്താവ് പ്രേക്ഷിതദൗത്യത്തിനായി വിളിച്ചിറക്കിയപ്പോൾ 1961 ൽ താൻ പൂർണ്ണസമയം കർത്താവിൻ്റെ വേലയ്ക്കായി സമർപ്പിച്ചു. ഈ എളിയ ആരംഭം ഒരു വലിയ മുന്നേറ്റത്തിന് നാന്ദി കുറിക്കുമെന്ന് ആരും കരുതിയിരുന്നില്ല. തകരപ്പാട്ട കൊണ്ട് നിർമ്മിച്ച ഹാൻഡ്‌മെക്കുമായി നീലംപേരൂർ, കുറിച്ചി, കുഴിമറ്റം, ചിങ്ങവനം എന്നിവിടങ്ങളിൽ വാക്യം വിളിച്ചു പറയുകയും പരസ്യയോഗങ്ങൾ നടത്തുകയും ട്രാക്റ്റ് വിതരണം ചെയ്യുകയുമായിരുന്നു പ്രാരംഭകാല പ്രവർത്തനങ്ങൾ.
1962 ൽ റാന്നിയിൽ നടന്ന ഒരു കൂട്ടായ്‌മയിൽ സാക്ഷ്യം പറയുവാനായി ലഭിച്ച ക്ഷണം ഒരു പുതിയ കാൽവെയ്പ്പായി മാറുകയായിരുന്നു. ഇടയനില്ലാതിരുന്ന ആ കൂട്ടായ്‌മയുടെ പാസ്റ്ററാകുവാനുള്ള നിയോഗം താൻ അന്ന് ഏറ്റെടുക്കുകയായിരുന്നു. ആ കൂട്ടായ്‌മ പിന്നീട് സഭാപ്രവർത്തനമായി മാറി. 1968 ൽ തെങ്ങേലി അച്ഛൻ്റെ മാനസാന്തരത്തോടു കൂടിയുണ്ടായ വലിയ ഉണർവ്വ് നിമിത്തമായി തെങ്ങേലി, തലയാർ, കുറ്റൂർ, മഴുക്കീർ, തിരുവൻവണ്ടൂർ, കല്ലിശ്ശേരി, ഓതറ എന്നീ സ്ഥലങ്ങളിൽ നിന്ന് ഒരു വലിയ കൂട്ടം ജനം രക്ഷിക്കപ്പെടുകയും സ്‌നാനപ്പെടുകയും ചെയ്തു. തെങ്ങേലി അച്ഛൻ കിഡ്‌നാപ്പ് ചെയ്യപ്പെടുകയും മുമ്പോട്ടു വന്ന പലരും പിൻമാറ്റത്തിൽ പോകുകയും ചെയ്തു. ഒരു ചെറിയ ശേഷിപ്പ് വിശ്വാസത്തിനുവേണ്ടി വീറോടെ നിൽക്കുകയും പാസ്റ്റർ വി. എ. തമ്പി വധഭീഷണിയെ വകവെയ്ക്കാതെ അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു. പിൽക്കാലത്ത് ഈ പ്രദേശത്ത് ഒരു സഭ ഉടലെടുത്തു. ശക്തമായ സുവിശേഷ പ്രവർത്തനങ്ങൾ നിമിത്തമായി പല സഭകൾ വിവിധ ഇടങ്ങളിലായി സ്ഥാപിക്കപ്പെട്ടു. 1976 ൽ 10 സഭകളുമായി "ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്" എന്ന പ്രസ്ഥാനം 'ക്രൈസ്റ്റ് ഫോർ ഇന്ത്യ' എന്ന ദർശനത്തോടെ രജിസ്റ്റർ ചെയ്യപ്പെട്ടു. പ്രഥമ പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പിയും വൈസ് പ്രസിഡന്റ്റ് പാസ്റ്റർ ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി പാസ്റ്റർ ആർ. എബ്രഹാമും ആയിരുന്നു. 1976 ൽ കേരളാ പെന്തക്കോസ്‌തു സമൂഹത്തിലെ ആദ്യത്തെ മ്യൂസിക്ടീമായ “ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്‌സ്" ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ചുമതലയിൽ ആരംഭിച്ചു.
70 കളുടെ അവസാനവും 80 കളുടെ ആരംഭത്തിലും കേരളക്കരയിൽ അങ്ങോളമിങ്ങോളം നടത്തപ്പെട്ട ക്രൂസേഡുകൾ സഭയുടെ ത്വരിതവളർച്ചയ്ക്ക് വളമേകി. 1983 ൽ ഭാരതത്തിലെ ആദ്യത്തെ സുവിശേഷ ബോട്ട് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നീറ്റിലിറക്കിയത് കുട്ടനാട് സുവിശേഷീകരണത്തിന് ഊർജ്ജം പകർന്നു.
1980 ൽ പാസ്റ്റർ ആർ. എബ്രഹാം ഉത്തരേന്ത്യയെക്കുറിച്ചുള്ള ആത്മഭാരത്തോടെ ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചത് സഭയ്ക്ക് ഇതരസ്റ്റേറ്റുകളിൽ സഭാവളർച്ചയ്ക്ക് ശക്തി പകർന്നു.
1978 ലും 1983 ലുമായി ആരംഭിച്ച സഹോദരന്മാരുടെയും സഹോദരിമാരുടെയും ബൈബിൾകോളജ് വിദ്യാർത്ഥി വിദ്യാത്ഥിനികളുമായി സുവിശേഷപ്രവർത്തനവും അനുധാവനപ്രവർത്തനവും നടത്തുകയും കേരളമെങ്ങും സുവിശേഷം അറിയിക്കുകയും സഭകൾ ഉടലെടുക്കുകയും ചെയ്തു. 2000 ൽ ആരംഭിച്ച മൊബൈൽ ഇവാഞ്ചലിസ്റ്റിക് ടീം (MET) പ്രവർത്തനം നിമിത്തം നൂറുകണക്കിന് സഭകൾ വിവിധ സ്റ്റേറ്റുകളിലായി സ്ഥാപിക്കപ്പെട്ടു.
ജീവകാരുണ്യ പ്രവർത്തനമേഖലയിൽ നിർണ്ണായകമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്ക വാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭാരതത്തിൽ വിവിധ കാലങ്ങളിലായി പ്രകൃതി ദുരന്തത്തിലും പകർച്ച വ്യാധിയിലും കഷ്ടമനുഭവിക്കേണ്ടി വന്ന ആയിരങ്ങൾക്ക് സഹായഹസ്‌തം നൽകി ചേർത്തുപിടി ക്കുവാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചെന്നൈ, കൊൽക്കട്ട, ഡൽഹി, മുംബൈ തുടങ്ങിയ പട്ടണങ്ങളിലെ തെരുവുകുഞ്ഞുങ്ങൾക്ക് ജീവിതത്തിൻ്റെ മുഖ്യധാരയിൽ എത്തിച്ചേരുവാനുള്ള കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമുകൾ നടക്കുന്നു.
സിൽവർ ജൂബിലി നിറവിൽ എത്തിയിരിക്കുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന് ഇന്ന് ഭാര തത്തിലെ 24 സ്റ്റേറ്റുകളിലും ഭാരതത്തിന് പുറത്തുമായി 4500 ഓളം പ്രാദേശിക സഭകളും 14 ബൈബിൾ സ്കൂളുകളും, നിരാലംബരായ സ്ത്രീകൾക്കു വേണ്ടിയുള്ള 75 ടെയ്‌ലറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, 17 ഓർഫനേജുകൾ, 8 സ്‌കൂളുകൾ, 1 എഞ്ചിനീയറിംഗ് കോളജ് അങ്ങനെ പ്രവർത്തനമേഖലയെ ദൈവം വിശാലമാക്കിയിരിക്കുന്നു.
1976 ൽ കുറ്റൂർ ഗവ. എൽ. പി. സ്‌കൂൾ ഗ്രൗണ്ടിൽ ആദ്യ ജനറൽ കൺവൻഷൻ നടന്നു. പിന്നീട് കല്ലിശ്ശേരി, റാന്നി, ചിങ്ങവനം എന്നിവിടങ്ങളിലായി കഴിഞ്ഞ 50 വർഷങ്ങളായി സഭയുടെ ജനറൽ കൺവൻഷൻ നടക്കുന്നു.
ഗോൾഡൻ ജൂബിലി ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. എബ്രഹാം കൺവൻഷൻ ഉത്ഘാ ടനം ചെയ്യും. അതിഥി പ്രസംഗകരായി പാസ്റ്റർ ഡി. മോഹൻ (ചെന്നൈ), പാസ്റ്റർ രാജേഷ് മാത്യു (എറണാകുളം), ഡോ. ജോൺ ജോസഫ് (തിരുവനന്തപുരം) തുടങ്ങിയവർ ശുശ്രൂഷിക്കും. കൂടാതെ മറ്റ് അനുഗ്രഹീത ദൈവദാസി ദാസന്മാരും ശുശ്രൂഷിക്കും. പാസ്റ്റേഴ്‌സ് മീറ്റിംഗ്, വൈ പി സി എ-സണ്ടേസ്‌കൂൾ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, NICOG ഗ്ലോബൽ മീറ്റിംഗ്, മിഷൻ മീറ്റിംഗ് തുടങ്ങിയവ നടക്കും. മറ്റ് സ്റ്റേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് ദൈവദാസന്മാർ മീറ്റിംഗിൽ പങ്കെടുക്കും. സംഗീതാരാധനയ്ക്ക് ലോർഡ്‌സൺ ആൻ്റണി, പ്രിൻസ് മുള്ള, ജോയൽ പടവത്ത് തുടങ്ങിയവരുടെ നേത്യത്വത്തിൽ "ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്‌സ്" നേത്യത്വം നൽകും. ഗോൾഡൻ ജൂബിലിയോടുള്ള ബന്ധത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ മുറ്റത്തു കൺവൻഷൻ നടന്നു വരുന്നു (ഇതു വരെ 57 മീറ്റിംഗ് നടന്നു). പ്രെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 50 ആഴ്‌ച പ്രാർത്ഥനയും നടന്നു വരുന്നു. ഗോൾഡൻ ജൂബിലിയോടുള്ള ബന്ധത്തിൽ ജീവ കാരുണ്യപ്രവർത്തനങ്ങളും നടത്തുവാൻ സഭ തീരുമാനിച്ചിട്ടുണ്ട്. ജനറൽ കൺവെൻഷന്റെ തത്സമയ സംപ്രേക്ഷണം പവർവിഷൻ ടി വി യുടെ സോഷ്യൽ മീഡിയയിലൂടെ ലഭ്യമാണ്.




Comments