സമൂഹത്തിലെ ആകുലതകൾ ക്രൈസ്തവ എഴുത്തുകാരൻ കണ്ടില്ലെന്നു നടിക്കരുത് : ഡോ. ജോസ് പാറക്കടവിൽ
- POWERVISION TV
- Dec 13, 2023
- 1 min read

സാം കൊണ്ടാഴി (മീഡിയാ കൺവീനർ)
കോട്ടയം: ലോക സാഹിത്യത്തിന്റെ ഗതി ഇംഗ്ലീഷ് ബൈബിൾ സ്വാധീനിച്ചതുപോലെ മലയാള ബൈബിളും മലയാള സാഹിത്യത്തെ സ്വാധീനിക്കുവാൻ കെ.പി അപ്പനെ പോലെയുള്ള എഴുത്തുകാർ ഇനിയും നമുക്കു ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരൻ ഡോ.ജോസ് പാറക്കടവിൽ പറഞ്ഞു. കോട്ടയത്ത് നടന്ന ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 മത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ ഇതിവൃത്തമായ കൃതികൾ ഇനിയും ധാരാളമായി മലയാള സാഹിത്യത്തിലുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കേരള ക്രൈസ്തവ സമൂഹത്തിൽ അടുത്തിയിടെ വർദ്ധിച്ചു വരുന്ന വിവാഹമോചനം, വൃദ്ധരായ മാതാപിതാക്കളെ കരുതാതിരിക്കൽ, യുവജനങ്ങളുടെ വിദേശ കൂട്ടപാലായനം, പൊതു സമൂഹത്തിലെ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കൽ, സർക്കാർ സർവീസുകളിൽ ജോലി നേടുന്നതിൽ യുവജനങ്ങളിൽ കാണുന്ന വിമുഖത തുടങ്ങിയവ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പിറകോട്ടടിപ്പിക്കാതെയിരിക്കുവാൻ ക്രൈസ്തവ എഴുത്തുകാർ ജാഗ്രതയുള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡണ്ട് ടോണി ഡി ചെവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ക്രൈസ്തവ സാഹിത്യ മേഖലയിലെ സമഗ്ര സംഭവനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ അവാർഡുകൾ പ്രമുഖ എഴുത്തുകാരായ റവ. ഫാദർ ടി.ജെ. ജോഷ്വാ, ജെ സി ദേവ്, പി എസ് ചെറിയാൻ എന്നിവർ സ്വീകരിച്ചു. ലിജോ വറുഗീസ് പാലമറ്റം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. ഇവാ എം. വി ബാബു, പാസ്റ്റർ സുനിൽ വേട്ടമല, ഇവാ എം സി കുര്യൻ, ഷാജൻ ജോൺ ഇടയ്ക്കാട്, ഇവാ. സജി ഫിലിപ്പ് തിരുവഞ്ചൂർ, സജി നടുവത്ര, പാസ്റ്റർ കെ. കെ ജയിംസ് എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമി ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് സ്വാഗതവും മീഡിയാ കൺവീനർ സാം കൊണ്ടാഴി നന്ദിയും പറഞ്ഞു. പാസ്റ്റർ സജി മുട്ടം, പാസ്റ്റർ അഖിൽ വറുഗീസ്, പാസ്റ്റർ മാർട്ടിൻ വറുഗീസ് എന്നിവർ നേതൃത്വം നൽകി.
Comentarii