POWERVISION TV
പാസ്റ്റർ കെ.എം. ജോസഫിന്റെ (89) സംസ്കാരം ഒക്ടോബർ 28 ശനിയാഴ്ച
Updated: Oct 24

വാർത്ത: മാത്യു കിങ്ങിണിമറ്റം
പെരുമ്പാവൂർ: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫ് (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 28 ശനിയാഴ്ച നടക്കും. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഒക്ടോബർ 23 ന് രാത്രി 10.35 നായിരുന്നു അന്ത്യം. ഭൗതീകശരീരം ഒക്ടോബർ 27 വെള്ളിയാഴ്ച വൈകിട്ട് 3 ന് പോഞ്ഞാശ്ശേരിയിലെ അഗാപ്പെ ഓഡിറ്റോറിയത്തിൽ (ചൈൽഡ് സെന്ററിൽ) പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പിറ്റെ ദിവസമായ ഒക്ടോബർ 28 ശനിയാഴ്ച ഉച്ചക്ക് 1 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. കോട്ടയം അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ മകനായി 1934 - ൽ ജനിച്ചു. 1954 - ൽ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ചു. കപ്പൽ യാത്രക്കിടെ ന്യൂസീലാൻഡിൽ വെച്ച് 1954 - ൽ രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു. 1967 - ൽ കപ്പൽ ജോലി ഉപേക്ഷിച്ചു. ന്യൂസീലാൻഡിൽ തന്നെ ദൈവവചനം പഠിച്ചു. തുടർന്ന് കുറച്ചു കാലം അവിടെ സഭ ശുശ്രൂഷകനായി സേവനമനുഷ്ടിച്ചു. മടങ്ങി നാട്ടിലെത്തിയ പാസ്റ്റർ കെ.എം ജോസഫ് ഐപിസി വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളിൽ ശുശ്രൂഷകനായി. തുടർന്ന് പെരുമ്പാവൂർ കേന്ദ്രമാക്കി വടക്കൻ തിരുവിതംകൂറിലെക്കു പ്രവർത്തന മേഖല മാറ്റി. അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൺസ് ഹോം എന്നിവ സ്ഥാപിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തി. 1981 - ൽ ഐപിസി വാളകം സെന്റർ ശുശ്രൂഷകനായി. പിന്നീട് പെരുമ്പാവൂർ സെന്റർ ശുശ്രൂഷകനായും ദീർഘവർഷങ്ങൾ സേവനം ചെയ്തു. 1994 - ൽ ഐ പി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റായി സേവനം ചെയ്തു. പിന്നീട് ജനറൽ വൈസ് പ്രസിഡണ്ട്, രണ്ടു തവണ ജനറൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, രണ്ടു തവണ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ച ശേഷം 2012 - ൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു.
ഭാര്യ: മറിയാമ്മ ജോസഫ്, മക്കള്‍: റവ. മാത്യു ഫിന്നി, ലിസി, സണ്ണി,ലോവീസ്, എല്‍സന്‍.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എം.എ. തോമസ് - 91 94467 46085.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.