top of page
  • Writer's picturePOWERVISION TV

പാസ്റ്റർ പി.വി. ചുമ്മാർ കർതൃസന്നിധിയിൽ; സംസ്കാരം ശനിയാഴ്ച.


തിരുവല്ല: ക്രൈസ്തവ ഗാന രചയിതാവും, അപ്പോസ്തോലിക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി. ചുമ്മാർ (92) നിത്യതയിൽ പ്രവേശിച്ചു. പഴഞ്ഞി പുലിക്കോട്ടിൽ 1932 ഓഗസ്റ്റ് 20 ന് വറുതുണ്ണി - ചെറിച്ചി ദമ്പതികളുടെ മകനായിട്ട് പ്രശസ്തമായ ഓർത്തഡോക്സ് കുടുംബത്തിൽ ആയിരുന്നു ജനനം. കഷ്ടതയുടെ കഠിന ശോധനയിലും തളരാതെ, കുരിശിൻ്റെ വഴിയിൽ വിശ്വാസ പ്രമാണങ്ങളിൽ അടിയുറച്ച് ജീവിച്ച ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്. സ്വന്തദേശമായ പഴഞ്ഞിയിൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ക്ലാസ് എടുത്ത് വിദ്യാഭ്യാസത്തിനുള്ള ധനം സ്വയം കണ്ടെത്തി. 1950 കളിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഫൗണ്ടേഷൻ കോഴ്സ് പൂർത്തീകരിച്ച ശേഷം ഉന്നതമായ ജോലി ലഭിച്ചിരുന്നുവെങ്കിലും സുവിശേഷീകരണത്തിനായി ജോലി ഉപേക്ഷിച്ച് പ്രേഷിത പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു. മാർത്തോമ,ഐ.പി.സി. സൺഡേ സ്കൂളിലെ വേദപഠനം തൻ്റെ ജീവിതത്തെ സ്വാധീനിച്ചു. തിരുവചന സത്യങ്ങൾ തിരിച്ചറിഞ്ഞ പി.വി. ചുമ്മാർ 1954-ൽ നവംബർ 16ന് പാസ്റ്റർ കെ.വി. ജോസഫിൻ്റെ (ഇട്ട്യേര ഉപദേശി) കൈക്കീഴിൽ സ്നാനം ഏറ്റു. 1964-ൽ വിവാഹിതനായ ഇദ്ദേഹം, ഭാര്യയോടൊപ്പം അതേ വർഷം തന്നെ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സ്കൂളിൽ വേദപഠനം ആരംഭിച്ചു. കാൽ നടയായി മൈലുകൾ സഞ്ചരിച്ച് പ്രസംഗത്തിലൂടെയും, സ്വന്ത ജീവിത മാതൃകയിലൂടെയും അനേകരെ ക്രിസ്തുവിങ്കലേക്ക് നേടി. സത്യ വിശ്വാസ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ ദൈവീക രോഗശാന്തിയിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു. തനിക്കും, ഭവനാംഗങ്ങൾക്കും മരണകരമായ രോഗങ്ങൾ പിടിപെട്ടപ്പോഴും പ്രാർത്ഥനയുടെ ബലത്തിൽ രോഗസൗഖ്യം പ്രാപിച്ച അനേക അനുഭവങ്ങൾ ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഉണ്ട്. ജീവിതാനുഭവങ്ങളിൽ നിന്ന് ഒരുത്തിരിഞ്ഞ വാക്കുകൾ സന്ദേശങ്ങളായി രൂപപ്പെടുത്തി "എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നതമാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ ", ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ, ദിവ്യ തേജസ്സിൽ യേശു സന്നിധൗ ധന്യമായി വാഴും ഞാൻ, തുടങ്ങിയ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിത രംഗത്ത് പ്രവർത്തിച്ചു വന്നിരുന്നു. ഭൗതിക സംസ്കാര ശുശ്രൂഷകൾ മാർച്ച് 16 ശനിയാഴ്ച നടക്കും.

സഹധർമ്മിണി : ആലപ്പാട്ട് ചെമ്പൻ തങ്കമ്മ (പരേത).

മക്കൾ: ആൽഫ മോൾ, ബെക്കി, പി.സി. ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ ), പി.സി. ഡെന്നി (മാധ്യമം ദിനപത്രം).

മരുമക്കൾ: ജോർജജ് തോമസ്, ആശാ മോൾ ഗ്ലെന്നി, അനു ഡെന്നി .

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് പവർവിഷൻ മീഡിയാ മിനിസ്ട്രീസിൻ്റെ അനുശോചനവും, ക്രിസ്തീയ പ്രത്യാശയും നേരുന്നു.

Comments


bottom of page