top of page

78-മത് പി.വൈ.പി.എ. സംസ്ഥാന ജനറൽ ക്യാമ്പ് (ENROUTE-III) എറണാകുളത്ത്

  • Writer: POWERVISION TV
    POWERVISION TV
  • Sep 18
  • 2 min read
ree


എറണാകുളം : 78-മത് സംസ്ഥാന പി.വൈ.പി.എ. ജനറൽ ക്യാമ്പിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് വിശാലമായ ക്യാമ്പ് ജനറൽ കമ്മിറ്റി നിലവിൽ വന്നു. എറണാകുളം ജില്ലയിലെ സെന്റർ പാസ്റ്റർമാർ പേട്രൺമാരായി നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോബി എബ്രഹാം ജനറൽ കൺവീനറായും, ബേസിൽ ബേബി ജനറൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ഡിസംബർ മാസം 21 മുതൽ 24 വരെ പെരുമ്പാവൂർ പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ മാർത്തോമാ കോളേജ് ക്യാമ്പസ്സിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.


സെപ്റ്റംബർ മാസം 7-ആം തീയതി വൈകുന്നേരം വാളകം ഹെബ്രോൻ സഭയിൽ നടന്ന പൊതുയോഗത്തിലാണ് ക്യാമ്പ് ജനറൽ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് ഇവാ. ഷിബിൻ ജി. ശമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ലിജോ ശമുവേൽ സ്വാഗതവും, സന്ദീപ് വിളമ്പുകണ്ടം നന്ദിയും അറിയിച്ചു. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ക്യാമ്പിനെ കുറിച്ചുള്ള ലഘു വിവരണം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇവാ. മോൻസി പി മാമൻ ക്യാമ്പിന്റെ ചിന്താ വിഷയത്തെക്കുറിച്ചും, സംസ്ഥാന ട്രഷറർ ഷിബിൻ ഗിലെയാദ് ക്യാമ്പ് ബഡ്ജറ്റും അവതരിപ്പിച്ചു. വാളകം സഭയിലെ ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.


പ്രസ്തുത സമ്മേളനത്തിൽ നേര്യമംഗലം സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു, വാളകം സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ രാജൻ മാത്യു, സ്റ്റേറ്റ് കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, സ്റ്റേറ്റ് ജോയിന്റ് കോർഡിനേറ്റർ ആശിഷ് വർഗീസ് തുടങ്ങി വിവിധ സെന്റർ ഭാരവാഹികൾ, മേഖല പി.വൈ.പി.എ. ഭാരവാഹികൾ, സെന്റർ പി.വൈ.പി.എ. ഭാരവാഹികൾ, ലോക്കൽ ശുശ്രൂഷകന്മാർ എന്നിവർ സന്നിഹിതരായിരുന്നു.


നിലവിലെ ഭരണസമിതിയുടെ മൂന്നാമത്തെ ക്യാമ്പാണ് എറണാകുളത്തു നടക്കാൻ പോകുന്നത്. വയനാട്ടിൽ നടന്ന ഒന്നാമത്തെ ക്യാമ്പും, തിരുവനന്തപുരത്ത് നടന്ന രണ്ടാമത് ക്യാമ്പും വൻ വിജയമായിരുന്നു . ‘Enroute’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ് സീരിസിൽ ‘Enroute Season-III’ എന്നാണ് എറണാകുളം ക്യാമ്പിന്റെ ഔദ്യോഗിക പേര്. മത്തായി എഴുതിയ സുവിശേഷം 5:16 ആസ്‌പദമാക്കിയാണ് ‘Shine and Serve’ എന്ന ക്യാമ്പ് തീം എടുത്തിരിക്കുന്നത്.


കാലികപ്രസക്തമായ വിഷയങ്ങൾ വചന വെളിച്ചത്തിൽ വിവക്ഷിക്കുവാൻ പ്രാവീണ്യമുള്ള വ്യക്തികളാണ് പകലുള്ള യുവജന സെക്ഷനുകൾ എടുക്കുന്നത്. കൂടാതെ മുൻ വർഷങ്ങളിൽ ക്രമീകരിച്ചിരുന്നതു പോലെ വൈകുന്നേരങ്ങളിൽ ‘Revive Perumbavoor’ എന്ന പേരിൽ ഉണർവ്വ് യോഗങ്ങൾക്കാണ് ഇത്തവണയും പ്രാമുഖ്യം നൽകുന്നത്. പേർസണൽ കൗൺസിലിംഗ്, ആക്ടിവിറ്റി ഓറിയന്റ്ഡ് പ്രോഗ്രാംസ്, ലൈവ് വർഷിപ്പ് സെക്ഷനുകൾ, ഗ്രൂപ്പ് ഷെയറിങ് ടൈം, ടാരി മീറ്റിംഗ്, യുവജന സുവിശേഷ റാലി, ക്യാമ്പ് ഫയർ ടാലെന്റ് നൈറ്റ്‌, എക്സ്ക്ലൂസീവ് ഡിബേറ്റുകൾ, ഔട്ട്ഡോർ ആക്ടിവിറ്റീസ്, കിഡ്സ്‌ സെക്ഷൻ തുടങ്ങി ഒരു പറ്റം നല്ല പ്രോഗ്രാമുകൾക്കാണ് ഈ വർഷത്തെ ക്യാമ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.


ക്യാമ്പിന്റെ പ്രീ-രജിസ്ട്രേഷൻ വെബ് പോർട്ടൽ വഴി ആരംഭിച്ചു. ക്യാമ്പ് ജനറൽ കൺവീനർ ജോബി എബ്രഹാം പ്രീ-രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്‌തു. പ്രീ-രജിസ്ട്രേഷന് 250 രൂപയും, സ്പോട്ട് രജിസ്ട്രേഷന് 300 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം ആയിരം പേർക്ക് ക്യാമ്പ് ചെയ്യുവാനും, രണ്ടായിരത്തിലധികം പേർക്ക് സംബന്ധിക്കുവാനുമുള്ള വിപുലമായ സംവിധാനമാണ് സംഘാടകർ ഒരുക്കുന്നത്.



Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page