തണലുറപ്പുമായി "മഴയെത്തും മുൻപേ"
- Jaison S Yacob
- May 24, 2024
- 1 min read
Updated: May 25, 2024

തിരുവല്ല : മുംബൈ നഗരത്തിൻ്റെ തെരുവുകളിൽ കഴിയുന്ന നിരാലംബരെ പുനരുദ്ധരിക്കാൻ ന്യൂ പനവേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (SEAL) എന്ന സന്നദ്ധസംഘടനയും നവി മുംബെ പോലീസ് ഡിപ്പാർട്ട്മെൻ്റും പങ്കാളികളായി ദൗത്യനിർവ്വണത്തിന് തുടക്കം കുറിച്ചു. മൺസൂൺ കാലവർഷം ആരംഭിക്കുന്നതിന് മുൻപ് നിരത്തുകളിൽ കഴിയുന്ന 150 അശരണരെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുക എന്ന പ്രയത്നത്തിനാണ് ഇവർ കൈ കോർക്കുന്നത്. "മഴയെത്തും മുൻപേ" എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പനവേൽ ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ അശോക് രാജ്പുത് , സീൽ ആശ്രം സ്ഥാപകൻ പാസ്റ്റർ കെ.എം. ഫിലിപ്പ് എന്നിവർ ചേർന്ന് മെയ് 22 ന് നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ എസ്. പി. മിലിന്ദ് വാഘ്മാരെ, ഇൻസ്പക്ടർമാരായ അനിൽ പാട്ടീൽ, പൃഥിരാജ് ഗോർപഡെ, മഹാരാഷ്ട്ര മൈനോറിറ്റി കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോക്ടർ എബ്രഹാം മത്തായി, സാമൂഹിക പ്രവർത്തക ലൈജി വർഗീസ്, എന്നിവരെ കൂടാതെ സീൽ ആശ്രമം അധികാരികളും പങ്കെടുത്തു. നിരത്തുകളിൽ കഴിയുന്ന ഈ നിരാലംബർ പ്രത്യേകാൽ മഴക്കാലങ്ങളിൽ വിവിധ രോഗങ്ങൾക്ക് അടിമകളാണെന്നും, ഇവരിൽ ചിലർ പുഴുവരിക്കുന്ന വൃണ ബാധിതരായിട്ടാണ് കാണപ്പെടുന്നത് എന്നും പാസ്റ്റർ കെ.എം. ഫിലിപ്പ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. 15 ദിവസം നീളുന്ന ഈ ഉദ്യമത്തിൽ സീലിൻ്റെ സന്നദ്ധ പ്രവർത്തകരോടൊപ്പം മുംബൈയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും സജീവ പങ്കാളികൾ ആകും. നവി മുംബൈയിലെ വിവിധ സമാജങ്ങളും, സാംസ്കാരിക കൂട്ടായ്മകളും പ്രദേശങ്ങൾ തിരിച്ച് അന്വേഷണരക്ഷാ പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികൾ ആകും. ഭക്ഷണം സ്വയം എടുത്ത് കഴിക്കാൻ പോലും ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് അവരുടെ കുടുംബങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. അശരണർക്കായി 120-ൽ പരം കിടക്കകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഭിക്ഷാടകരെയോ തെരുവിൽ കഴിയുന്ന സമൂഹവിരുദ്ധരെയോ ഈ ദൗത്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. അശരണരെ സീൽ ആശ്രമത്തിൽ എത്തിച്ച് ചികിത്സ നൽകിയശേഷം ബന്ധുക്കളെ തിരികെ ഏൽപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത് എന്ന് സീൽ സ്ഥാപകൻ പാസ്റ്റർ കെ.എം. ഫിലിപ്പ് പറഞ്ഞു. ആരോരും ഇല്ലാത്ത അനാഥർക്കും , അശരണർക്കും , ആശ്വാസവും, അത്താണിയാകുവാൻ 1999-ൽ ആണ് സീൽ മിനിസ്ട്രി നിലവിൽ വന്നത്. കോവിഡ് കാലയളവിൽ ഇപ്രകാരം നിരത്തുകളിൽ കഴിഞ്ഞിരുന്ന ഭവനരഹിതരായ നിരവധി ആളുകളെ സീൽ ആശ്രമത്തിൽ കൊണ്ട് വന്ന് ചികിത്സ നൽകി ഭേദമാക്കി ആധാർ കാർഡ് വരെ എടുത്ത് നൽകി സ്വന്തം ഭവനക്കാരുമായി ഒരുമിപ്പിച്ച ഏറെ സംഭവങ്ങൾ ഉണ്ട്.




Comments