top of page

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി നവതിയുടെ നന്മയിലേക്ക്

  • Writer: Jaison S Yacob
    Jaison S Yacob
  • Jan 14
  • 2 min read

തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ആതുര സേവന രംഗത്ത് ഒൻപത് പതിറ്റാണ്ടുകൾ പിന്നിടുന്നു. ഏഴ് മാസങ്ങൾ നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് ജനുവരി 19 ഞായർ വൈകിട്ട് 5:30 ന് ആശുപത്രി അങ്കണത്തിൽ തുടക്കം കുറിക്കും. കേരളാ സംസ്ഥാന സാംസ്കാരിക മന്ത്രി ശ്രീ. സജി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജ് നവതി ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. പ്രസ്തുത സമ്മേളനത്തിൽ പാർലമെൻറ് അംഗങ്ങളായ ആന്റോ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, നിയമസഭാ സാമാജികരായ മാത്യു ടി തോമസ്, ജിനീഷ് കുമാർ, പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, എം എസ് അരുൺ കുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള 8 പദ്ധതികൾക്ക് അന്നേദിനം തുടക്കം കുറിക്കും. ആതുര സേവനരംഗത്ത് രോഗ നിർണ്ണയം മുതൽ ചികിത്സ, പ്രതിരോധം, അവബോധം എന്നിങ്ങനെ നാനാവിധ ആവശ്യങ്ങൾക്ക് പൊതു സമൂഹത്തോടൊപ്പം എന്നും ഒപ്പം ഉണ്ടാകുമെന്ന സന്ദേശം നൽകുന്ന 'ടി. എം. എം കൂടെ' പ്രോജക്ടുകൾ, മനസ്സിൻ്റെ താളപ്പിഴ സംഭവിച്ചവർക്കും, ലഹരി ആസക്തിയിൽ ആയവർക്കും , കുടുംബത്തിനും കരുതലോടെ ചികിത്സ ഉറപ്പുവരുത്തുന്ന മാനസികാരോഗ്യം ആൻഡ് മദ്യപാന നിവാരണ കേന്ദ്രം, സാമ്പത്തിക പരാധിനതയുള്ള 90 രോഗികൾക്ക് സൗജന്യ ഡയാലിസിസ്, മെച്ചപ്പെട്ട ആരോഗ്യസംരക്ഷണത്തിനായി അടുത്ത തലമുറയെ പരിപോഷിപ്പിക്കുന്നതിനും, വാർത്തെടുക്കുന്നതിനും ടി.എം.എം. അക്കാദമി, സംയോജിത പ്രമേഹ ക്ലിനിക്ക്, മറവി രോഗികളായ വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിചരണത്തിനുള്ള ക്ലിനിക്ക്, ആരോഗ്യ രംഗത്തെ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ സേവനം കോർത്തിണക്കി ചലന വൈകല്യമുള്ളവർക്ക് ആയുള്ള ക്ലിനിക്ക്, ആരോഗ്യ കേരളം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ദീർഘകാല ഗവേഷണ പഠനങ്ങൾക്കായി ഒരുക്കുന്ന ഷേപ്പിംഗ് കേരള ഗവേഷണ പദ്ധതി എന്നിങ്ങനെ എട്ടിന പദ്ധതികളാണ് നവതി ആഘോഷങ്ങൾക്ക് ഒപ്പം തുടക്കം കുറിക്കുന്നത്. ഉദ്ഘാടനത്തെ തുടർന്ന് വയലിനിൽ സംഗീതത്തിന്റെ മായിക പ്രപഞ്ചം ഒരുക്കുന്ന ഫ്രാൻസിസ്, പ്രശ്സ്ത കീബോർഡിസ്റ്റ് യേശുദാസ് എന്നിവർ ഒന്നിക്കുന്ന വിസ്മയ സംഗീത സന്ധ്യയും, കലാതിലകം ഹെബ്‌സീബയും സംഘവും അവതരിപ്പിക്കുന്ന മൈം ആൻഡ് മ്യൂസിക് കലാവിരുന്നും ഉണ്ടായിരിക്കും.


നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2025 ജൂലൈയിൽ നടക്കും. ജനുവരി 19 ന് നടക്കുന്ന ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് 3000 രൂപയുടെ ആരോഗ്യ പരിശോധന വെറും 499 രൂപയ്ക്ക് സാധ്യമാക്കുന്ന നവതി സൂപ്പർ ഹെൽത്ത് ചെക്കപ്പ് കൂപ്പൺ ലഭ്യമാകും. TMM കോർപറേറ്റ് ചെയർമാൻ ജോർജ്ജ് കോശി മൈലപ്ര, കോർപ്പറേറ്റ് സെക്രട്ടറിയും, CEO യുമായ ബെന്നി ഫിലിപ്പ്, ജോയിൻ്റ് സെക്രട്ടറി രാജു തോമസ്, മെഡിക്കൽ ഡയറക്ടർ റിട്ടയേർഡ് കേണൽ ഡോ. ഡെന്നീസ് ഏബ്രഹാം, അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റർ റൗളി മാത്യു, മാർക്കറ്റിംഗ് മാനേജർ ജിജോ മാത്യു, HR മാനേജർ നിസ്സി ഈപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


മധ്യ തിരുവിതാംകൂറിൽ രോഗീ പരിചരണ സംവിധാനങ്ങൾ പരിമിതമായിരുന്നപ്പോൾ പഴയ കൊച്ചി സംസ്ഥാനത്തിലെ ഔദ്യോഗിക ഭിഷഗ്വരൻ ആയിരുന്ന മനുഷ്യസ്നേഹിയും, ദൈവഭക്തനുമായ ദിവാൻ ബഹാദൂർ ഡോക്ടർ വി വർഗീസിന് മധ്യ തിരുവിതാംകൂറിലെ ജനതയുടെ ശാരീരിക പരിരക്ഷണത്തിനുവേണ്ടി ഒരു സംവിധാനം വേണമെന്ന് ഉണ്ടായ ഉൾവിളിക്കാണ് 1935 ൽ തിരുവല്ല മെഡിക്കൽ മിഷൻ എന്ന സ്ഥാപനത്തിൻ്റെ ആവിർഭാവത്തിലൂടെ സാധിതമായത്. പ്രായാധിക്യത്തിൽ ആയ ഡോ. വർഗ്ഗീസിൻ്റെ അനുഗ്രഹത്തോടെ 5 വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കോട്ലൻഡ് കാരനായ മെഡിക്കൽ മിഷനറി ഡോക്ടർ R.S . ചർച്ച് വാർഡ് ഈ സ്ഥാപനത്തിൻ്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തു. അങ്ങനെ സായിപ്പിൻ്റെ ആശുപത്രി എന്ന പേരിൽ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി. ഡോക്ടർ ചർച്ച് വാർഡിനോടൊപ്പം ഭാരതത്തെ സേവിക്കുവാൻ മനുഷ്യസ്നേഹികളായ നിരവധി മിഷനറി ഡോക്ടർമാരും നേഴ്സിങ് വിദഗ്ധരും മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എത്തി. കേവലം 6 കിടക്കകളോടെ ഡോക്ടർ വി. വർഗ്ഗീസ് ആരംഭിച്ച ഈ സ്ഥാപനം 90 വർഷങ്ങൾ പിന്നിടുമ്പോൾ ജന സഹസ്രങ്ങളുടെ സമ്മതിയും, വിശ്വാസവും ആർജ്ജിച്ച ആതുരാലയം ആയി മാറി. സേവനത്തിൻ്റെ പാതയിൽ ഒൻപത് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഈ ആതുരാലയം പിന്നിട്ട നാഴിക കല്ലുകൾ ഏറെ.... കാലികമായ വികാസ പരിണാമങ്ങളും, ചികിത്സയുടെ നവീന മാനങ്ങളും ഈ ആതുര സേവന കേന്ദ്രം കൈ കൊണ്ടു. അപ്പോഴും ചുറ്റുവട്ടങ്ങളിലുള്ള സാധാരണക്കാരുടെ വിങ്ങലുകളിൽ, നൻമയുടെയും, അനുകമ്പയുടേയും നറുലേപനം പുരട്ടി, കരുതലിലുടെ ദൈവസ്നേഹം പ്രകടമാക്കുക എന്ന പൂർവിക ദർശനത്തോട് കൂറ് പുലർത്തുവാൻ കഴിഞ്ഞു എന്നത് പ്രസ്തവ്യമാണ്. 1943-ൽ രോഗീപരിചരണത്തിന് പരിശീലനം നൽകുവാൻ കേരളത്തിലെ സ്വകാര്യമേഖലയിൽ ആദ്യത്തെ നഴ്സിംഗ് സ്കൂൾ ആരംഭിക്കുകയും 2023-ൽ 75 ബാച്ചുകൾ സ്കൂൾ ഓഫ് നേഴ്സിംഗ് വിജയകരമായി പൂർത്തിയാക്കി. 2004-ൽ ആരംഭിച്ച TMM കോളേജ് ഓഫ് നഴ്സിംഗ്, നഴ്സിംഗ് മേഖലയിൽ ബിരുദവും, ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചു. 1944-ൽ ആദ്യത്തെ സിസ്സേറിയൻ ശസ്ത്രക്രിയ വിജയകരമായി നടന്നതോടെ ഗൈനക്കോളജി വിഭാഗം ഏറെ പ്രചാരം സിദ്ധിച്ചു. 1979-ൽ പ്രത്യേക പ്രസവ വാർഡ് ആരംഭിക്കുകയും 2020 ആയപ്പോഴേയ്ക്കും മൂന്ന് ലക്ഷത്തിലധികം പ്രസവങ്ങൾ TMM ൽ നടന്നു. 1969-ൽ തുറന്ന ഡയാലിസിസ് യൂണിറ്റ്, 1978 ലെ സർവ്വ സജ്ജമായ ഓപ്പറേഷൻ തീയറ്റർ, 2024-ൽ ആധുനിക സജ്ജീകരണങ്ങളോടെ യുള്ള കാർഡിയോളജി കാത് ലാബ്, ഓപ്പറേഷൻ തിയേറ്റർ, 2022-ൽ 8 നിലകളിലായി പ്രവർത്തന ക്ഷമമായ ബെഥേസ്ദ ടവർ എന്നിവ TMM സേവനങ്ങളുടെ കാര്യക്ഷമത കൂട്ടി.

1980-ൽ വിദേശ മിഷണറി ഡോക്ടർമാർ മടങ്ങി പോയെങ്കിലും ഡോ. കുഞ്ഞപ്പൻ ജോൺ മുതൽ ഡോ. കെ.എൻ. നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗത്ഭർ ഈ സ്ഥാപനത്തിൻ്റെ വളർച്ചയിൽ മുഖ്യ പങ്കാളികളായി. അവരുടെ ദീർഘ വീക്ഷണവും, അശ്രാന്ത പരിശ്രമവും ഇന്ന് 29 വിവിധ ഡിപ്പാർട്ട്മെൻ്റ്കൾ ഉള്ള ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന നിലയിൽ യശസ്സ് ഉയരുവാൻ സഹായകമായി.










Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page