മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്. (സദൃ. 27:5)
ഈ വാക്യത്തിന്റെ മറ്റൊരു തർജിമ നോക്കിയപ്പോൾ മുഖത്ത് നോക്കി അവന്റെ കുറ്റം അവനെ ഓർമ്മപ്പെടുത്തുന്നതാണ് പൊതിഞ്ഞ് വെക്കുന്ന സ്നേഹത്തെക്കാൾ നല്ലത്. മനസ്സിലാക്കുവാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു വേദഭാഗമാണിത്. നമുക്ക് ഒരാളോട് സ്നേഹമുണ്ടെങ്കിൽ നമ്മൾ അദ്ദേഹത്തിലുള്ള കുറവുകൾ അദ്ദേഹത്തോട് പറഞ്ഞുകൊടുക്കണം. എന്നാൽ അദ്ദേഹത്തിന്റെ കുറവുകൾ മറ്റാരോടും പറയരുത്. ഈ രണ്ട് തത്വങ്ങൾ എല്ലാ പ്രായക്കാർക്കും നല്ലതാണ്. കുഞ്ഞ് പ്രായത്തിൽ അത് ബുദ്ധിമുട്ട് ആണ്. ഒരാളുടെ മുഖത്ത് നോക്കി അയാളുടെ കുറ്റം പറയുവാൻ ആർക്കും കഴിയും. പക്വതയിലേക്ക് വരുമ്പോൾ അത് സ്നേഹത്തിലൂടെ പറഞ്ഞുകൊടുക്കാൻ നമുക്ക് ശ്രമിക്കാം. പ്രായോഗികമല്ലെന്നാണ് എന്റെ ഒരു അനുഭവത്തിൽ കണ്ടത്. എന്നാലും പ്രമാണം ഒന്ന് ഉള്ളിലോട്ട് കയറണം. മറഞ്ഞ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനയാണ്. സ്നേഹം കാരണം തെറ്റ് തിരുത്തുകയില്ല. ഇങ്ങനെ മക്കൾ ചീത്തയായ ഒത്തിരി വീടുകൾ ഉണ്ട്. സ്നേഹമാണ് അതിന് കാരണം തെറ്റ് തിരുത്തുകയില്ല. എപ്പോളും മക്കൾക്ക് സൈഡ് പറയും. മക്കൾ തെറ്റ് ചെയ്യുമ്പോളും സൈഡ് പറയും. പലരും ഉപദേശിക്കുമ്പോൾ ഉപദേശിക്കുന്നവരോട് പിണങ്ങും. തെറ്റ് തെറ്റാണെന്ന് പറഞ്ഞു കൊടുക്കുന്നതല്ലേ സ്നേഹം. അതോ തെറ്റിനെ മറ പിടിക്കുന്നതാണോ സ്നേഹം. അയൽപക്കത്തെ വീട്ടിൽ നിന്നും നാളികേരം മോഷ്ടിച്ചു കൊണ്ട് വന്ന മകനെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് ചായ കൊടുക്കുന്ന അമ്മ പിന്നത്തെത്തിൽ മോനെ ജാമ്യത്തിൽ ഇറക്കുവാൻ സെൻട്രൽ ജയിലിന്റെ വാതിക്കൽ നിൽക്കുന്ന കാഴ്ച ലോക പ്രസിദ്ധമായ സ്റ്റോറിയാണ്. ഇത് ഒരു ആത്യന്തിക പ്രമാണമായി നമുക്ക് കരുതാം. ഇപ്പോൾ തന്നെ വലിയ വലിയ നേതാക്കൾക്ക് ചുറ്റും സ്തുതി പാടകരുണ്ട്. പേര് പറയുന്നില്ല. എന്നെപ്പോലുള്ള കുഞ്ഞു മനുഷ്യർക്ക് ചുറ്റും സ്തുതി പാടകർ ഉണ്ട്. ഞാൻ എന്നാ പറഞ്ഞാലും ശരി അച്ചാ ശരി അച്ചാ ഇങ്ങനെ അവർ പറയും. എന്നാൽ അത് അങ്ങനെയല്ല ഇങ്ങനെയും കൂടെ ചിന്തിച്ചാൽ അത് നല്ലതാണ് എന്ന് പറയുന്നവരും എനിക്കുണ്ട്. വാസ്തവത്തിൽ അവരാണ് യഥാർഥ സ്നേഹിതർ. ഇപ്പോൾ എന്റെ അടുത്ത് പ്രസംഗിക്കുവാൻ വന്ന ഒരു യുവ സുവിശേഷകൻ പ്രസംഗമദ്ധ്യേ വിലകുറഞ്ഞ തമാശകൾ കണ്ടമാനം പറയുന്നത് ഞാൻ കേട്ടു. കേട്ടപ്പോൾ എന്റെ മനസ്സിൽ വിഷമം തോന്നി. യോഗം കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ വീട്ടിലേക്ക് പോകുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു എന്തെങ്കിലും എന്നെ തിരുത്തുവാൻ ഉണ്ടോ? ഞാൻ ഒന്നും മിണ്ടിയില്ല. വീണ്ടും ചോദിച്ചു അച്ചാ എന്നെ എന്തെങ്കിലും തിരുത്തുവാൻ ഉണ്ടോ? ഞാൻ പറഞ്ഞു തിരുത്തുവാൻ ഉണ്ട്. തിരുത്തിയാൽ പിണങ്ങുമോ? ഇല്ല പിണങ്ങത്തില്ല. ഉറപ്പാണോ? ഇല്ല. അപ്പോൾ ഞാൻ തിരുത്തി. അതിന് ശേഷം അദ്ദേഹത്തിന് എന്നോട് പഴയ സ്നേഹം ഇല്ല. ഫോൺ വിളി ഇല്ല. ഞാൻ വിളിച്ചാലും കഴിയുന്നടുത്തോളം എടുക്കാറില്ല. മനസ്സിലായോ? ഇതൊരു സത്യമാണ്. അപ്പോൾ എന്താ നമ്മൾ മനസ്സിലാക്കുന്നത്. തുറന്ന ശാസന ആർക്കും ഇഷ്ടമല്ല. ഹാ..കൊള്ളാം എന്നിങ്ങനെ പറയണം. പക്ഷെ വചനം പറയുന്നു നിങ്ങൾ ഒരാളെ സ്നേഹിക്കുന്നു എങ്കിൽ അവരിൽ തിരുത്താവുന്ന കാര്യം സ്നേഹത്തോടെ തിരുത്തുക. ഞാൻ ഓർക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളെ തിരുത്തുവാൻ ആരെങ്കിലും ഉണ്ടായിരുന്നോ? നമ്മുടെ സഭാ നേതാക്കളെ തിരുത്തുവാൻ ആരെങ്കിലും ഉണ്ടായിരുന്നോ? അവരുടെ ചുറ്റും നിന്നുകൊണ്ട് നുണ പറഞ്ഞുകൊണ്ട് ഇവർ കാണിക്കുന്ന സകല വൃത്തികേടുകളും കോപ്രായങ്ങളും അവിവേകങ്ങളും കണ്ടിട്ട് കൊള്ളാം നല്ലത് എന്ന് പറഞ്ഞ് അവരെ കുഴിയിൽ ചാടിക്കുകയാണ്. അതുകൊണ്ട് നിങ്ങൾ ആരും സ്തുതി പാടുകാർ ആകരുത്. നിങ്ങൾ സ്നേഹിക്കണം. അപ്പോൾ തന്നെ തിരുത്തണം. നമുക്ക് എല്ലാവർക്കും അതിനുള്ള കൃപ ലഭിക്കട്ടെ…ഗോഡ് ബ്ലസ് യൂ…
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Commentaires