top of page
  • Writer's picturePOWERVISION TV

സ്നേഹിതൻ ചതിക്കുമോ....24.10.2023 വചനപ്രഭാതം 1504


അനന്തരം ശൗൽ ദാവീദിനോട്; എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്ക് ഭാര്യയായി തരും. നീ ശൂരനായി എനിക്ക് വേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്റെ മേൽ വീഴുവാൻ സംഗതി വരട്ടെ എന്ന് ശൗൽ വിചാരിച്ചു. ദാവീദ് ശൗലിനോട് രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ ആസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു. ശൗലിന്റെ മകളായ മേരബിനെ ദാവീദിന് കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിന് ഭാര്യയായി കൊടുത്തു. (1. ശമു. 18:17-19)


ചതി, ശൗൽ ദാവീദിനെ സ്നേഹിച്ചില്ല. ഉപയോഗിച്ചു. പ്രീയരെ, സ്നേഹം നടിക്കുന്നവരുണ്ട്, സ്നേഹത്തിലൂടെ ചതിക്കപെടരുത്. സ്നേഹം എന്ന വ്യാജത്തിലും കൂടെ ചതിക്കപ്പെടുന്ന ആൺ കുട്ടികളും പെൺ കുട്ടികളും വളരെയുണ്ട്. സ്നേഹിക്കുന്നവർ ചതിക്കുമോ? എത്ര തെളിവ് വേണം. ഒരു പെൺ കുട്ടിയോട് ഐ ലവ് യു എന്ന് പറയും. അവൾ പറഞ്ഞു പപ്പയോട് ചോദിക്കാതെ എനിക്ക് പറയുവാൻ കഴിയുകയില്ല. പപ്പയോട് ചോദിച്ചപ്പോൾ പപ്പ നോ പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഒരു കന്നാസിൽ ആസിഡുമായി വന്ന് ബെൽ അടിച്ചു. പിതാവ് വാതിൽ തുറന്നു. എനിക്ക് മകളെ കാണണമെന്ന് പറഞ്ഞു. മകൾ ഇവന്റെ ശബ്ദം കേട്ടപ്പോൾ തന്നെ വെളിയിൽ വന്നു. രണ്ട് പേരുടെയും മുഖത്ത് ആസിഡ് ഒഴിച്ചു. ആസിഡ് വീണ ആളിന്റെ അവസ്‌ഥ അറിയാമല്ലോ. അതൊരു ഭീകരവാർത്തയായി. ഐ ലവ് യൂ എന്ന് പറഞ്ഞാൽ ഐ കില്ല് യൂ എന്ന് വേണം ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് അല്ലെ. അത് സ്നേഹമാണോ, അത് മോഹമാണ്. അവളെ കൊള്ളാം. അവളെ എനിക്ക് വേണം. ആപ്പിൾ കാണുമ്പോൾ, ചിക്കൻ ഫ്രൈ കാണുമ്പോൾ, ബിരിയാണിയുടെ മണം വരുമ്പോൾ മനസിൽ സ്നേഹമാണോ? അല്ല, കൊതിയാണ്. യൗവ്വനക്കാരെ, ചതിക്കപ്പെടും. സ്നേഹത്തിന്റെ പേരിൽ ഉള്ള ചതിയിൽ എത്രയോ പെൺ കുട്ടികളാണ് നശിച്ചത്. എത്രയോ ആൺ കുട്ടികളാണ് നശിച്ചത്. എനിക്ക് ഇതൊക്കെ പറയുവാൻ തന്നെ സങ്കടം വരികയാണ്. ഞാൻ രണ്ട് പെൺ കുട്ടികളെ വളർത്തി വിവാഹം കഴിപ്പിച്ചു. ഒരു മോനെ വളർത്തി വിവാഹം കഴിപ്പിച്ചു. മൂന്ന് മക്കൾക്കും കുഞ്ഞുങ്ങൾ ഉണ്ട്. എല്ലാ ദിവസവും ഞാൻ ഫോൺ വിളിച്ച് കുഞ്ഞുങ്ങളോട് സംസാരിക്കും. ഇന്ന് രാവിലെയും എന്റെ മോന്റെ മകളെ വിളിച്ച് പത്ത് മിനിറ്റോളം സംസാരിച്ചു. ആ കുഞ്ഞിന്റെ ചിരിയും കളിയും കണ്ടു. എന്റെ പ്രീയപ്പെട്ടവരെ നമ്മുടെയൊക്കെ കുടുംബങ്ങൾ എത്രയൊക്കെ സ്നേഹത്തിൽ സന്തോഷത്തിലൊക്കെയാണ് പോകുന്നത്. എന്നാ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. പ്രേമം പ്രേമം എന്ന് പറഞ്ഞ് പെൺകുട്ടികളെ കച്ചവടം ചെയ്യുന്ന കള്ളന്മാരെയും കൊണ്ട് നമ്മുടെ ഭാരതഭൂമി കേരളാ മണ്ണ് നിറഞ്ഞിരിക്കുന്നത് എന്നത് ഇനിയെങ്കിലും പറയാതിരിക്കുവാൻ കഴിയുകയില്ല. ജാഗ്രത…മാതാപിതാക്കളെ ഉണരുക. ഗവണ്മെൻ്റേ ഉണരുക. പോലീസ് ഉദ്ധ്യോഗസ്ഥരെ സ്നേഹം എന്ന മുദ്രയുടെ പേരിൽ നടക്കുന്ന കച്ചവടങ്ങളെ കണ്ടുപിടിക്കണം. പുഴയുടെ തീരത്തും പാർക്കിലുമൊക്കെ ചെറുപ്പക്കാർ ചെന്നിരിക്കുമ്പോൾ ചോദിക്കുവാൻ ആർക്കും അവകാശം ഇല്ല. ഇവരെ തടയുവാൻ കഴിയുകയില്ല. സുപ്രീം കോടതിയുടെ അനുവാദമുണ്ട്. പ്രായപൂർത്തിയായ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഏത് ഹോട്ടലിൽ പോയും താമസിക്കാം. വിവാഹ സർട്ടിഫിക്കറ്റും ഇപ്പോൾ നിർബ്ബന്ധമല്ല. അയ്യോ വഞ്ചിക്കപ്പെടരുതേ. മാതാപിതാക്കളെ നിങ്ങൾ കുട്ടികളെ കൂടുതൽ സ്നേഹിച്ചു ഇങ്ങനെ ചേർത്ത് നിർത്തണം. വഴക്കുപറഞ്ഞും ഓടിച്ചും പേടിപ്പിച്ചാൽ ഒന്നും നിങ്ങളുടെ കയ്യിൽ നിൽക്കുകയില്ല. നിങ്ങൾ ഇങ്ങനെ ചേർത്ത് പിടിച്ച് സ്നേഹിക്കണം. അവർ നമ്മളെ വിട്ട് പോകത്തില്ല. ഐ ലവ് യൂ എന്ന് ആരെങ്കിലും പറഞ്ഞാൽ അവർ പോകത്തില്ല. ഇന്ന് പോകുന്നത് നിങ്ങളുടെ സ്നേഹം അവർക്ക് കിട്ടാത്തത് കൊണ്ട് ആണ്. ഞാൻ ഇത് നിങ്ങളോട് പറയാതിരുന്നാൽ ചതിയല്ലേ. സ്നേഹിതന്മാർ ചതിക്കുമോ? അതേ ചതിക്കുന്ന സ്നേഹിതന്മാരും ഉണ്ട്. ജാഗ്രത…ഗോഡ് ബ്ലസ്സ് യൂ.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page