സ്നേഹത്തിന്റെ ആഴം.....28.10.2023 വചന പ്രഭാതം 1508
- POWERVISION TV
- Oct 28, 2023
- 2 min read

അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു. (1. ശമു. 19:1)
മകളെ കല്യാണം കഴിപ്പിച്ചു കൊടുത്തിട്ട് മധുവിധു കഴിയുന്നതിന് മുമ്പ് തന്നെ മരുമകനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുന്ന അമ്മായി അപ്പൻ. നമ്മൾ വിചാരിക്കുന്നതാണോ ലോകം. ആരെയും അതിര് കടന്ന് വിശ്വസിക്കുകയോ ആരെയും അതിര് കടന്ന് ആശ്രയിക്കുകയോ ചെയ്യരുത്. ദൈവത്തിൽ തന്നെ ആശ്രയിക്കുക. അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്ന് കല്പിച്ചു. അളിയനെ തട്ടിയേക്കാൻ മകനോട് പറയുകയാണ്. അപ്പോൾ മകൾ ഇത് അറിയില്ലേ. ഇത് നടന്ന സംഭവമാണ്. ദാവീദ് രാജാവ് ചരിത്ര പുരുഷനാണ്. ശൗൽ രാജാവ് ചരിത്ര പുരുഷൻ. യോനാഥാൻ ചരിത്രത്തിൽ ജീവിച്ചിരുന്നയാളാണ്. യൗവ്വനക്കാരനായ മരുമകൻ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയാണ് അമ്മയിഅപ്പൻ. അപ്പോൾ സ്വന്തം മകൾ കരയുന്നത് അയാൾക്ക് വിഷയം അല്ല. ചില രാഷ്ട്രീയ നേതാക്കളെ കുറിച്ച് അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. ചില സിനിമാ പ്രവർത്തകരുടെ കാര്യങ്ങൾ ഇപ്പോൾ പത്രങ്ങളിലും ചാനലുകളിലും വരുന്നു. ഭാര്യയോടും മക്കളോടും യാതൊരു സ്നേഹവും ഇല്ലാതെയിരുന്ന ഒരു മഹൽ വ്യക്തിയെക്കുറിച്ച് ഇപ്പോൾ ഇങ്ങനെ ചർച്ച നടക്കുന്നു. അയാളുടെ ഭാര്യയെ എല്ലാവരും കുറ്റം പറയും. പക്ഷെ ഞാൻ എല്ലാ ചാനലുകളും ശ്രദ്ധിച്ചപ്പോൾ ഇവർ രണ്ടുപേരും കൂടെ ചേർന്ന് ജീവിച്ചിരുന്നപ്പോൾ നടത്തിയ പത്ര സമ്മേളനത്തിൽ സ്ത്രീ തുറന്ന് പറഞ്ഞു എന്നോടും മക്കളോടും യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് അയാളെ ഇരുത്തികൊണ്ട് പറഞ്ഞു. എനിക്കത് വിഷയമുള്ള കാര്യമല്ല, എന്റെ ഭാഗവുമല്ല. കേട്ടത് പറയുവാൻ സ്വാതന്ത്രമുണ്ടല്ലോ. നോക്കു, ആരെയും അതിര് കടന്ന് വിശ്വസിക്കരുത്. ആരെയും ആശ്രയിക്കരുത്. ദൈവത്തിൽ ആശ്രയിക്കുക, ഞാൻ ഉറപ്പിച്ച് പറയുന്നു എല്ലാവരെയും സ്നേഹിക്കണം, പക്ഷെ ആശ്രയിക്കരുത്. എല്ലാവരെയും വിശ്വസിക്കരുത്. ദൈവത്തിൽ വിശ്വസിക്കുക. ദൈവത്തിൽ ആശ്രയിക്കുക. ഇവിടത്തെ സംഭവം എന്താണ്? രാഷ്ട്രീയ എതിരാളിയെ വകവരുത്താൻ ഏത് അറ്റം വരെയും പോകുന്ന നെറികെട്ട രാഷ്ട്രീയം ശൗൽ ഇവിടെ പ്രയോഗിക്കുകയാണ്. ഇത് വായിക്കുന്ന സ്ഥിരം വായനക്കാരിൽ ചിലർ എന്തിനാണ് രാഷ്ട്രീയം പറയുന്നത് എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ഇന്നത്തെ രാഷ്ട്രീയം അല്ല പറയുന്നത്. അന്നത്തെ. അതല്ലേ ഇപ്പോൾ നടക്കുന്നത് എന്ന് ചോദിച്ചാൽ നിങ്ങൾ വിലയിരിത്തിക്കൊള്ളേണം. രാഷ്ട്രീയ എതിരാളിയെ ഇല്ലായ്മ ചെയ്യുവാൻ എന്തും ചെയ്യുന്ന വൃത്തികെട്ട ഭരണകർത്താക്കൾ, ഇവിടെ മകൾ നശിക്കുന്നു, മകൻ നശിക്കുന്നു. ദാവീദിനെ കൊല്ലാൻ തീരുമാനിക്കുന്നു. സ്നേഹത്തിന്റെ ആഴം. എങ്കിലും ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോട് വളരെ ഇഷ്ടം ആയതുകൊണ്ടു യോനാഥാൻ ദാവീദിനോട്: എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ച് ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചു പാർക്ക (1.ശമു. 19:2). അപ്പോൾ മകൻ ഡീസെന്റാണ്. മകൾ അറിഞ്ഞോ ഇല്ലയോ എന്ന് എനിക്കറിയില്ല. മകൾ ഈ വിഷയത്തിൽ ഇടപെടുന്നതായി ഞാൻ കാണുന്നുമില്ല. ഞാൻ പെൺ കുട്ടികളെ കുറ്റം പറയുകയല്ല, പക്ഷെ ഈ കല്യാണം ദാവീദിന് കെണിയായി പോയി. എന്നാൽ അളിയൻ നല്ലവനായിരുന്നു. ലോക ചരിത്രത്തിൽ രണ്ട് സ്നേഹിതന്മാർ തമ്മിൽ തമ്മിൽ ഇതുപോലെ ജീവിച്ച ഒരു ചരിത്രവും കാണുന്നില്ല. അപ്പൻ വഞ്ചകനാണെന്ന് മകൻ അളിയന്റെ ചെവിയിൽ പറഞ്ഞു. എന്റെ അപ്പനെ നീ വിശ്വസിക്കരുത്. നീ അവിടന്ന് രാത്രി മുങ്ങിക്കൊള്ളാൻ പറഞ്ഞു. ഇതാണ് സ്നേഹം. നമ്മുടെ വിഷയം അതാണ്. സ്നേഹിതരെ സമ്പാദിക്കുക. എന്റെ അപ്പൻ എന്നെ വിശ്വസിക്കരുതെന്ന് അളിയൻ പറഞ്ഞു കൊടുത്തു. പ്രീയപ്പെട്ടവരെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ദൈവത്തിന്റെ മുഖത്തേക്ക് നോക്കാം ചതിക്കപെടരുത്, വഞ്ചിക്കപെടരുത്. ജീവന് തുല്യം സ്നേഹിക്കുന്ന സ്നേഹിതരും ഉണ്ട്. അങ്ങനെയുള്ളവരെ ദൈവം നിങ്ങൾക്ക് തരട്ടെ. ഗോഡ് ബ്ലസ്സ് യൂ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comentarios