top of page
  • Writer's picturePOWERVISION TV

അന്വേഷണം....വചന പ്രഭാതം 1500 എപ്പിസോഡുകൾ പിന്നിടുന്നു. 20.10.2023


ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. (സങ്കീ. 63:1)


ദൈവത്തെ അന്വേഷിക്കുവാൻ ഏറ്റവും നല്ല സമയമാണ് പ്രഭാത സമയം. ദൈവത്തെഅന്വേഷിക്കേണ്ടത് എവിടെ എന്നതാണ് പ്രധാനമായ മറ്റൊരു ചോദ്യം. ദൈവത്തെ അന്വേഷിക്കേണ്ടത് ദേവാലായങ്ങളിൽ ആണോ? ദൈവത്തെ അന്വേഷിക്കേണ്ടത് പുണ്യ സ്ഥലങ്ങളിൽ ആണോ? ദൈവത്തെ അന്വേഷിക്കേണ്ടത് എവിടെയാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാൻ മതങ്ങൾക്ക് കഴിയുന്നില്ലെന്ന് നമുക്ക് നന്നായി അറിയാവുന്ന കാര്യമാണ്. എന്നാൽ ഞങ്ങൾക്ക് നിങ്ങളോട് പറയാൻ ഒരു സന്ദേശമുണ്ട്. ദൈവത്തെ അന്വേഷിക്കേണ്ടത് ദൈവ വചനത്തിലാണ്. ബൈബിൾ ഇങ്ങനെ പറയുന്നു. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ച് വായിച്ച് നോക്കുവിൻ. അതിൽ ഒന്നും ഇല്ലാതിരിക്കയില്ല. മറ്റൊരിടത്ത് ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. ഇന്ന് വരെ അന്വേഷിച്ചടുത്തൊന്നും ദൈവത്തെ കണ്ടില്ലെങ്കിൽ ഒരു പരീക്ഷണത്തിനായി ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ദൈവ വചനത്തിലൂടെ ദൈവത്തെ അന്വേഷിച്ച് കാണുക. വചനം വായിക്കുന്നത് ദൈവത്തെ കാണാൻ ഉള്ള ലക്ഷ്യത്തോടെയാണെങ്കിൽ നിശ്ചയമായും നിങ്ങളുടെ ലക്ഷ്യം പൂവണിയും. അത് സുന്ദരമായി പൂർത്തിയാക്കുവാൻ കഴിയുമെന്ന് ഞാൻ ഉറപ്പുതരുന്നു. ഇവിടെ ഇതാ ഒരു രാജാവ് അദ്ദേഹത്തിന് ജീവിതത്തിൽ ഒരു കഷ്ടകാലം ഉണ്ടായിരുന്നു. ആ കഷ്ടകാല സമയത്ത് അദ്ദേഹം എഴുതിയ ഗീതമാണ് ഇത്. ദൈവമേ നീ എന്റെ ദൈവം. അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും. നീ എന്റെ ദൈവമാണ്, നീ എന്നെ നടത്തുന്നു, എനിക്ക് നീ അല്ലാതെ ആരുമില്ല എങ്കിലും അതുകൊണ്ട് ഞാൻ ഈസിയായി പോകുന്നില്ല. ഓരോ പ്രഭാതവും എനിക്ക് അങ്ങയെ വേണം. എനിക്ക് അങ്ങയുടെ സാന്നിധ്യമില്ലാതെ ഒരു പ്രഭാതവും മുന്നോട്ട് പോകുവാൻ സാധ്യമല്ല. പ്രഭാതം എന്നത് ദിവസത്തിന്റെ ആരംഭമാണ്. ഒരു നീണ്ട ഉറക്കത്തിന് ശേഷം നമ്മൾ ദൈവത്തെ അന്വേഷിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. വീണ്ടും വായിക്കുന്നത് വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു. എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. നോക്കു.. ഞാൻ നിന്നെ അന്വേഷിക്കും. എന്റെ ഉള്ളം നിനക്കായി ദാഹിക്കും. എന്റെ ദേഹം നിനക്കായി കാംഷിക്കും. ഒരു മനുഷ്യന് ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഉണ്ട്. ആ മൂന്ന് ഘടകവും ചേർന്ന് ദൈവത്തെ അന്വേഷിക്കുന്നതായിട്ടാണ് ഈ വചനം നമ്മെ കാണിക്കുന്നത്. പ്രീയരെ, വളരെ സ്നേഹത്തോടെ പറയുകയാണ് പൂർണ്ണ മനസ്സോടെ പൂർണ്ണ ഹൃദയത്തോടെ പൂർണ്ണ ആത്മാവോടെ മറ്റെല്ലാറ്റിനെക്കാളും പ്രാധാന്യതയോടുകൂടെ നാം ദൈവത്തെ അന്വേഷിക്കുന്നു എങ്കിൽ നിശ്ചയമായും നാം അവനെ കണ്ടെത്തും. ഈ രാജാവായ ദാവീദ് പറയുന്നത് വെള്ളമില്ലാത്ത ദേശത്ത് വെള്ളത്തിന് വേണ്ടിയുള്ള ദാഹത്തെക്കാൾ കഠിനമാണ് എനിക്ക് ദൈവത്തിന് വേണ്ടിയുള്ള ദാഹം. ഞാൻ ഇപ്പോൾ ഒരു മരുഭൂമിയിൽ ആണ്. എനിക്ക് ഇവിടെ അത്യാവശ്യം വെള്ളമാണ്. പക്ഷെ ഞാൻ വെള്ളത്തേക്കാൾ അധികം ദാഹിക്കുന്നത് എന്റെ ദൈവത്തിന് വേണ്ടിയാണ്. ഒരു ചോദ്യം താങ്കൾ യഥാർത്ഥമായ എന്തിനായി ദാഹിക്കുന്നു. ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വരട്ടെയെന്ന് യേശു കർത്താവ് പറയുന്നുണ്ട്. ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ എന്നും കർത്താവ് പറയുന്നു. നമ്മുടെ ദാഹം ശമിപ്പിക്കാൻ ഈ ലോകത്ത് ആർക്ക് കഴിയും, എങ്ങനെ കഴിയും. യേശു കർത്താവിന്റെ മറ്റൊരു വാക്ക് ഇങ്ങനെയാണ് ലോകത്തിലെ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കയില്ല. പ്രീയപ്പെട്ട സഹോദരങ്ങളെ പൂർണ്ണ ആത്മാർത്ഥതയോടെ പൂർണ്ണ ജാഗ്രതയോടെ നമുക്ക് ദൈവത്തെ അന്വേഷിക്കാം. അതിന് ദൈവം സഹായിക്കട്ടെ. ഗോഡ് ബ്ലസ്സ് യൂ.

Comentarios


bottom of page