കൂട്ടുകാരനെ വഞ്ചിച്ചിട്ട് അത് കളി എന്ന് പറയുന്ന മനുഷ്യൻ തീകൊള്ളിയും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. (സദൃ. 26:18,19)
കത്തുന്ന തീയുടെ കൊള്ളികൾ എടുത്ത് എറിയുക, അമ്പ് തുര തുര എയ്യുക, മരണം വിതയ്ക്കുക ഇത് ചെയ്യുന്നത് ഭ്രാന്തനാണ്. അങ്ങനെയുളവരെ ചങ്ങലയിൽ ഇടുകയോ സെല്ലിലടക്കുകയോ ചെയ്യുക. അവരെ തുറന്ന് വിടരുത്. അങ്ങനെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നാണ് ദൈവ വചനം പറയുന്നത്. നമുക്ക് അത് അറിയുകയും ചെയ്യാം. കൂട്ടുകാരനെ വഞ്ചിച്ച് അത് തമാശ എന്ന് പറയുക, ഏറ്റവും അടുത്ത സ്നേഹിതരെ, ബന്ധുക്കളെ വഞ്ചിക്കുക. അതിന് ശേഷം അത് തമാശ എന്ന് പറയുക. ഇവൻ തീ കൊള്ളി വലിച്ചെറിയും പോലെയാണ്. തീ കൊള്ളി എടുത്ത് മനുഷ്യന്റെ ദേഹത്ത് എറിയുന്നത് പോലെയാണ് കൂട്ടുകാരനെ വഞ്ചിക്കുന്നത്. കാശ് കടം വാങ്ങിയിട്ട് തിരികെ നൽകാതിരിക്കുക, ഒരു ജോലി ശരിയായി വരുമ്പോൾ അത് പാര വെച്ച് നഷ്ടപ്പെടുത്തുക, ഒരു കല്യാണ ആലോചന വന്നാൽ അത് തടയുക..ഇതൊക്കെ വഞ്ചിക്കുകയാണ്. ഒരു സഹോദരൻ എന്നോട് പറഞ്ഞത് തന്റെ അനുജന് വിദേശത്ത് പോകുവാൻ എല്ലാ ക്രമീകരണങ്ങളും റെഡിയായി, വിസ ലഭിച്ചു. ഈ സമയം അനുജന്റെ പേരിൽ വെറുതെ ഒരു കള്ള കേസ് കൊടുത്ത് പോലീസ് സ്റ്റേഷനിൽ റിമാർക്ക് ഉണ്ടാക്കി. പിന്നെ പോലീസിന്റെ എൻ ഒ സി കിട്ടാതെ വിദേശത്ത് പോകുവാൻ കഴിഞ്ഞില്ല. ആ യുവാവിന്റെ ജ്യേഷ്ഠൻ എന്നോട് പറയുകയാണ്. തന്റെ അനുജൻ തകർന്നുപോയി. അവനും അനുജനും നിരാശനായി. ഇങ്ങനെ ചെയ്യുന്ന ആളുകൾ സമൂഹത്തിൽ ഉണ്ട്. കൂട്ടുകാരനെ വഞ്ചിക്കുകയാണ്. എന്നിട്ട് തമാശ എന്ന് പറയുന്നു. അങ്ങനെ നാം ചെയ്യരുതേ. നമ്മുടെ സമൂഹത്തിൽ നിന്നും വഞ്ചനയും ചതിയും മാറിപോകട്ടെ. ഗോഡ് ബ്ലസ്സ് യു.
ความคิดเห็น